സമൂഹത്തിന്റെ കരുത്തിനു സ്‌ത്രീകള്‍ ശക്തിയാര്‍ജിക്കണം: രുഗ്‌മിണി ഭാസ്‌കരന്‍
മാനന്തവാടി: സമൂഹം കരുത്താര്‍ജിക്കണമെങ്കില്‍ വീട്ടമ്മമാര്‍ കരുത്താര്‍ജിക്കണമെന്നു സംസ്ഥാന വനിതാ കമ്മീഷനംഗം രുഗ്‌മിണി ഭാസ്‌കരന്‍. നാഷനല്‍ വിമന്‍സ് ഫ്രണ്ട് നടത്തുന്ന `കുടുംബത്തിന്റെ ശക്തി, സമൂഹത്തിന്റെ കരുത്ത്' കാംപയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മാനന്തവാടിയില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.
സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സ്‌ത്രീകള്‍ക്കു മാത്രമേ കഴിയൂ. സ്‌ത്രീകള്‍ പൊതുവെ അന്തര്‍മുഖരാണ്. ഇവര്‍ സമൂഹത്തില്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണ്. പുരുഷനോടുള്ള കടുത്ത ഭയഭക്തിബഹുമാനങ്ങള്‍ പ്രകടിപ്പിച്ച് എല്ലാം ഏറ്റുവാങ്ങി സ്‌ത്രീസമൂഹം വീടിനുള്ളില്‍ ഒതുങ്ങുകയാണ്. ഈ ഒതുക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇന്നു പ്രകടമായിരിക്കുകയാണ്.
സമൂഹത്തിലെ അരാജകത്വവും സ്‌നേഹരാഹിത്യവുമെല്ലാം കുടുംബത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. കുടുംബാംഗങ്ങളില്‍ അകലം വര്‍ധിച്ചുവരുന്നു. ഈ അകലം കുറയ്‌ക്കാന്‍ ഇത്തിരി മനസ്സുതുറന്നാല്‍ മതി. തിരക്കുപിടിച്ച ദൈനംദിന ലോകത്തില്‍ ഈ അകലം കുറയ്‌ക്കാന്‍ സ്‌ത്രീകള്‍ ശ്രദ്ധിക്കണം. സ്‌നേഹം കൊണ്ട് മാത്രമേ ഇതു പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
നഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ. ഫാത്തിമ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുല്‍ഫത്ത് വിഷയാവതരണം നടത്തി. വിമന്‍സ് വോയ്‌സ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മാ ജോസ്, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ശാരദാ രാമകൃഷ്‌ണന്‍, വിപ്ലവ സ്‌ത്രീവാദി പ്രസ്ഥാനത്തിന്റെ കുട്ടിയമ്മ, പോലിസ് കോണ്‍സ്റ്റബിള്‍ വിനയ, പി ജമീല സംസാരിച്ചു.

നാഷനല്‍ വിമന്‍സ് ഫ്രണ്ട് കാംപയിന്‍ സംസ്ഥാനതല ഉദ്‌ഘാടനം മാനന്തവാടിയില്‍ വനിതാ കമ്മീഷനംഗം രുഗ്‌മിണി ഭാസ്‌കരന്‍ നിര്‍വഹിക്കുന്നു
A neo social movement for a new India of equal rights to all Indians

















































