സംസ്ഥാനത്ത്‌ താലിബാന്‍ കോടതി ഇല്ല: ആഭ്യന്തരമന്ത്രി

Friday, July 30th, 2010

തിരുവനന്തപുരം: സംസ്ഥാനത്ത്‌ താലിബാന്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു.
മതവിശ്വാസികള്‍ക്കിടയിലുള്ള കുടുംബപ്രശ്‌നങ്ങള്‍, അതിര്‍ത്തിത്തര്‍ക്കങ്ങള്‍, സ്വത്തുതര്‍ക്കങ്ങള്‍ മുതലായ വ്യക്തിപരവും പ്രത്യേക സമുദായത്തിലെ തര്‍ക്കങ്ങളും പരിഹരിക്കുന്നതിനു മതപണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ ചില കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആര്യാടന്‍ മുഹമ്മദിന്റെ സബ്‌മിഷനു മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി.
ഇത്തരത്തിലുള്ള ദാറുല്‍ ഖദാ സംവിധാനത്തില്‍ താലിബാന്‍ കോടതിയുടെ രീതിയിലുള്ള നടപടിക്രമങ്ങളോ വിധിന്യായങ്ങളോ ഉണ്ടായതായി ആക്ഷേപം ലഭിച്ചിട്ടില്ല. 2009 ജൂലൈ ഒന്നിന്‌ മലപ്പുറം ടൗണ്‍ഹാളില്‍ വച്ച്‌ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡ്‌ സെക്രട്ടറി മൗലാനാ മുഹമ്മദ്‌ വലി റഹ്‌മാനിയാണ്‌ ദാറുല്‍ ഖദാ ഉദ്‌ഘാടനം ചെയ്‌തത്‌. പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഇരുപതോളം പോഷകസംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. സമുദായത്തിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിനു കീഴിലുള്ള ദാറുല്‍ ഖദായ്‌ക്ക്‌ ഇമാംസ്‌ കൗണ്‍സില്‍ നേതൃത്വം നല്‍കുന്നതായാണ്‌ അവരുടെ പ്രസിദ്ധീകരണത്തില്‍ പറയുന്നത്‌. നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്കു ബദലായി താലിബാന്‍ മോഡലോ മറ്റു രീതിയിലുള്ളതോ ആയ സംവിധാനം സംസ്ഥാനത്തു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
സ്വയം പോലിസും കോടതിയും ചമയുന്ന രീതി ജനാധിപത്യസമൂഹത്തില്‍ അനുവദിക്കാനാവില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചു നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത്‌ 14 താലിബാന്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 15 കേസുകള്‍ തീര്‍പ്പാക്കിയെന്നും മാതൃഭൂമി, മംഗളം, വീക്ഷണം പത്രങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ തക്കല പോലിസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നടന്നത്‌ പുസ്‌തകപ്രകാശനച്ചടങ്ങാണെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ രഹസ്യയോഗം ചേര്‍ന്നുവെന്നാരോപിച്ച്‌ ആര്യാടന്‍ മുഹമ്മദ്‌ ഉന്നയിച്ച സബ്‌മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
കന്യാകുമാരി ജില്ലയിലെ തക്കല തിരുവിതാംകോട്‌ റഷീദ ഓഡിറ്റോറിയത്തില്‍ ദാറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ റിട്ട. ഐ.പി.എസ്‌ ഉദ്യോഗസ്ഥന്‍ എസ്‌ എം മുഷ്‌രിഫ്‌ എഴുതിയ കര്‍ക്കെരയെ കൊന്നതാര്‌ എന്ന പുസ്‌തകത്തിന്റെ തമിഴ്‌ പതിപ്പിന്റെ പ്രകാശനച്ചടങ്ങായിരുന്നു നടന്നത്‌- മന്ത്രി പറഞ്ഞു. ഈ മാസം 18നായിരുന്നു തക്കലയിലെ പുസ്‌തകപ്രകാശനച്ചടങ്ങ്‌. ഇതിനെ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ രഹസ്യയോഗം എന്ന നിലയില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. 


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India