ലൗ ജിഹാദ്‌ പദപ്രയോഗം തിരുത്തണം: ഇമാംസ്‌ കൗണ്‍സില്‍

Sunday, October 4th, 2009

കൊച്ചി: കേരളത്തിലെ കാംപസുകളില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ലക്ഷ്യമിട്ട്‌ ഒരു പ്രത്യേക സമൂഹത്തെ കുറ്റവാളികളാക്കുന്ന തരത്തില്‍ ലൗ ജിഹാദ്‌ എന്ന പദപ്രയോഗം നടത്തിയ നീതിപീഠം അതു തിരുത്താന്‍ തയ്യാറാവണമെന്ന്‌ കേരള ഇമാംസ്‌ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചില സങ്കുചിത തല്‍പ്പരകക്ഷികളുടെ പ്രചാരണങ്ങളെ സാമാന്യവല്‍ക്കരിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ ജഡ്‌ജിമാരുടെ ഭാഗത്തുനിന്നുണ്ടാവരുത്‌. കേരളത്തിന്റെ കാംപസുകളില്‍ `ലൗ ജിഹാദ്‌' എന്ന പ്രലോഭനത്തിലൂടെ വിദ്യാര്‍ഥിനികളെ മതപരിവര്‍ത്തനം നടത്തി ചൂഷണം നടത്തുന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ്‌ കേരള ഹൈക്കോടതി ജസ്‌റ്റിസ്‌ കെ ടി ശങ്കരന്‍ കഴിഞ്ഞ ദിവസം ഡി.ജി.പിയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. സത്യസന്ധവും മുന്‍വിധിയില്ലാത്തതുമായ ഏത്‌ അന്വേഷണത്തെയും ഇമാംസ്‌ കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നു.
എന്നാല്‍, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോട്‌ വംശഹത്യാ സമീപനം സ്വീകരിക്കുകയും തങ്ങളുടേതല്ലാത്ത സംസ്‌കാരത്തെ അവമതിക്കുകയും ചെയ്യുന്ന തീവ്രഹിന്ദുത്വവാദികളുടെ പുതിയ കണ്ടെത്തലാണ്‌ ലൗ ജിഹാദ്‌. സാമൂഹിക സുരക്ഷിതത്വത്തിനുള്ള പവിത്രമായ പോരാട്ടമാണ്‌ ഇസ്‌ലാം ബോധ്യപ്പെടുത്തുന്ന ജിഹാദ്‌. ഇതിനെ കാംപസുകളിലെ അപക്വമായ പ്രേമങ്ങളെയും തുടര്‍ന്നുള്ള വിവാഹങ്ങളെയുമായി ബന്ധപ്പെടുത്തുന്നത്‌ ദുരുദ്ദേശ്യപരമാണ്‌.
ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ചൂഷണം ചെയ്‌തു നടത്തുന്ന സംഘടിത മതപരിവര്‍ത്തനങ്ങള്‍ക്കു മറയിടാനാണ്‌ ചില കേന്ദ്രങ്ങള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌. മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചയെ ഇമാംസ്‌ കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അസഹിഷ്‌ണുതാപരവും കള്ളവുമായ പദപ്രയോഗങ്ങളെ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്ന കോടതി പോലെയുള്ള സ്ഥാപനങ്ങള്‍ കടമെടുത്തു പ്രയോഗിക്കുന്നത്‌ ജനങ്ങളില്‍ ആശങ്കയുളവാക്കുന്നതാണ്‌.
താടി വളര്‍ത്തുന്നതിന്‌ അനുമതി നിഷേധിച്ച സ്‌കൂള്‍ അധികാരികള്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ താടി വയ്‌ക്കല്‍ താലിബാന്‍വല്‍ക്കരണമാണെന്ന പദപ്രയോഗം ഒരു ജഡ്‌ജി നടത്തുകയും സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ച്‌ അതു തിരുത്തുകയും ചെയ്‌തത്‌ അടുത്ത കാലത്താണ്‌. ആയതിനാല്‍, കേരള ഹൈക്കോടതി ജഡ്‌ജിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിദ്ധാരണാജനകമായ ശൈലിക്ക്‌ ഒരു തിരുത്താണ്‌ കേരളം പ്രതീക്ഷിക്കുന്നത്‌.
ഭാഗികമായിട്ടെങ്കിലും അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കു രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജുഡീഷ്യറിയുമായി ബന്ധപ്പെട്ടവര്‍ വിധേയരാവുമ്പോള്‍ നീതിയുടെ പക്ഷത്തു നിന്നുകൊണ്ടുള്ള ഇത്തരം തിരുത്തലുകള്‍ പൊതുജനങ്ങളില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതിനു കാരണമാകുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താസമ്മേളനത്തില്‍ കേരള ഇമാംസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ കരമന അശ്‌റഫ്‌ മൗലവി, സംസ്ഥാന സമിതിയംഗം മൂവാറ്റുപുഴ അശ്‌റഫ്‌ മൗലവി, എറണാകുളം ജില്ലാ പ്രസിഡന്റ്‌ അബ്ദുസ്സത്താര്‍ മൗലവി പങ്കെടുത്തു.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India