മുസ്‌ലിം സമുദായത്തില്‍ നിന്ന് അപഹരിക്കപ്പെട്ടത് തിരിച്ചുപിടിക്കാതെ വിശ്രമമില്ല: ഇ അബൂബക്കര്‍
Tuesday, May 11th, 2010
ആലുവ: മുസ്‌ലിം സമുദായത്തില്‍ നിന്ന് അപഹരിക്കപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാതെ പോപുലര്‍ ഫ്രണ്ടിനു വിശ്രമിക്കാനാവില്ലെന്നു മുന്‍ ചെയര്‍മാനും എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷനുമായ ഇ അബൂബക്കര്‍.

വാചാരതീരം സംസ്ഥാന നേതൃസംഗമത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കെ എം ശരീഫ് സംസാരിക്കുന്നു
ആലുവ മണപ്പുറത്തെ ടിപ്പുസുല്‍ത്താന്‍ നഗറില്‍ നടന്ന `വിചാരതീരം' സംസ്ഥാന നേതൃസംഗമത്തില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം
30 വെള്ളിക്കാശുപോലും വാങ്ങാതെ സമുദായത്തെ ഒറ്റിക്കൊടുക്കുന്ന നേതാക്കളും പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ഒരിക്കലും രക്ഷിക്കാനെത്താത്ത സംരക്ഷകരുമാണ് മുസ്‌ലിം സമുദായത്തിന്റെ ശാപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ പോപുലര്‍ ഫ്രണ്ടിനു കഴിഞ്ഞതായി ദേശീയ ജനറല്‍ സെക്രട്ടറി കെ എം ഷരീഫ് (കര്‍ണാടക) പറഞ്ഞു. തികഞ്ഞ അരക്ഷിതാവസ്ഥയിലും കടുത്ത ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടുന്ന ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും ഇതര പിന്നാക്കവിഭാഗങ്ങള്‍ക്കും പുതിയ പ്രതീക്ഷകള്‍ ഉണ്ടായിവരുന്നതായും കെ എം ഷരീഫ് ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയം തെമ്മാടികള്‍ക്കും ക്രിമിനലുകള്‍ക്കും വിട്ടുകൊടുത്ത് മാന്യന്മാര്‍ മാറിനില്‍ക്കുന്ന കാലം കഴിഞ്ഞെന്നും രാജ്യത്തിന്റെയും ചരിത്രത്തിന്റെയും ഗതി നിര്‍ണയിക്കുന്ന രാഷ്‌ട്രീയം മനുഷ്യസ്‌നേഹികള്‍ ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ എ സഈദ് പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യ, മതേതര, പരമാധികാര സങ്കല്‍പ്പങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ രാഷ്‌ട്രീയ മുന്നേറ്റങ്ങള്‍ അനിവാര്യമായിരിക്കുന്നതായി അഡ്വ. കെ പി മുഹമ്മദ് ശരീഫ് ചൂണ്ടിക്കാട്ടി.
വിശുദ്ധ ഖുര്‍ആന്റെ ചൈതന്യം ജീവിതത്തില്‍ ആവാഹിച്ചവര്‍ക്ക് അനീതിയുമായി സമരസപ്പെടാനാവുകയില്ലെന്ന് അബ്‌ദുര്‍റഹ്‌മാന്‍ ദാരിമി വ്യക്തമാക്കി.
ഫാഷിസവും മുതലാളിത്തവും കൈകോര്‍ത്ത് ഖനിജവിഭവങ്ങള്‍ കൊള്ളയടിക്കാനായി വനങ്ങളും ഗ്രാമങ്ങളും കൈയടക്കി ആദിവാസികളെയും ഗ്രാമീണരെയും നഗരചേരികളില്‍ അടിമപ്പണിക്കാരാക്കുന്നതാണു പുതിയ അധിനിവേശമെന്ന് ദേശീയസമിതി അംഗം പ്രഫ. പി കോയ ചൂണ്ടിക്കാട്ടി.
കേരള മുസ്‌ലിംകളുടെ പരമ്പരാഗത പോരാട്ടവീര്യമാണ് ഈ പ്രദേശത്തെ സാമ്രാജ്യത്വശക്തികളില്‍ നിന്നു മോചിപ്പിച്ചതെന്നു ദേശീയ സെക്രട്ടറി ഒ എം എ സലാം പറഞ്ഞു.
ദേശീയ പ്രസിഡന്റ് ഇ എം അബ്‌ദുര്‍റഹ്‌മാന്‍ തിങ്കളാഴ്‌ച കാലത്ത് ഉദ്‌ഘാടനം ചെയ്‌ത ദ്വിദിന വിചാരതീരം ഇന്നലെ വൈകീട്ട് സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് വി പി നാസറുദ്ദീന്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച വിചാരതീരത്തില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തു. ടി എം അബ്‌ദുര്‍റഹ്‌മാന്‍ ബാഖവി, കെ എച്ച് നാസര്‍, അബ്‌ദുല്‍ മജീദ് ഫൈസി, പി എന്‍ റോഷന്‍ സംസാരിച്ചു.
A neo social movement for a new India of equal rights to all Indians

















































