മുഖ്യമന്ത്രിയുടേത്‌ ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍: പോപുലര്‍ ഫ്രണ്ട്‌

Sunday, July 25th, 2010
കോഴിക്കോട്‌: ജനങ്ങളെ മതപരമായി വിഭജിക്കാന്‍ മാത്രം ഉതകുന്നതാണു മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയെന്നു പോപുലര്‍ ഫ്രണ്ട്‌ കുറ്റപ്പെടുത്തി.ഏഴു പതിറ്റാണ്ടുകളായി സംഘപരിവാരം നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ആവര്‍ത്തനം മാത്രമാണ്‌ ഇത്‌. മുഖ്യമന്ത്രിക്ക്‌ മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നാവില്‍ നിന്നും വരാന്‍ പാടില്ലാത്തതാണു വി എസ്‌ അച്യുതാനന്ദന്റെ വായില്‍ നിന്നും പുറത്തുചാടിയിരിക്കുന്നതെന്നും പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം അഭിപ്രായപ്പെട്ടു.
100 ശതമാനം വാസ്‌തവവിരുദ്ധമെന്നു വ്യക്തമാക്കി കോടതി പോലും തള്ളിക്കളഞ്ഞ `ലൗജിഹാദ്‌' കള്ളപ്രചാരവേലയ്‌ക്ക്‌ അംഗീകാരം നല്‍കുകയാണു വി എസ്‌ ചെയ്‌തിരിക്കുന്നത്‌.
എണ്ണം വര്‍ധിപ്പിക്കാന്‍ ഇതരമതസ്ഥരായ സ്‌ത്രീകളെ പണംകൊടുത്തു വിവാഹം ചെയ്യുന്നുവെന്നും മറ്റുമുള്ള ശുദ്ധ അസംബന്ധങ്ങള്‍ പറഞ്ഞ അച്യുതാനന്ദന്‍ തന്റെ പ്രസ്‌താവനയ്‌ക്ക്‌ ആധാരമായ തെളിവുകള്‍ വെളിപ്പെടുത്തണം. കേരളത്തില്‍ മുസ്‌്‌ലിംകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകാരനായ വി എസിന്‌ ആര്‍.എസ്‌.എസിനുള്ളതിനേക്കാള്‍ ആശങ്കയുണ്ടോയെന്നും വ്യക്തമാക്കേണ്ടതുണ്ട്‌.
കേരളത്തില്‍ മതസ്‌പര്‍ധ സൃഷ്ടിക്കാന്‍ ദുശ്ശക്തികള്‍ നടത്തുന്ന തീവ്രശമങ്ങളെ തടയുന്നതിനു പകരം എരിതീയില്‍ എണ്ണ ഒഴിക്കലല്ല മുഖ്യമന്ത്രിയുടെ ദൗത്യം. വി.എസിന്റെ പ്രസ്‌താവന സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടാണോ ഏതോ സി.പി.എം-ഹിന്ദുത്വ അടവുനയത്തിന്റെ ഭാഗമാണോയെന്നും മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്‌.
20 വര്‍ഷം കഴിയുമ്പോള്‍ കേരളം ഇസ്‌ലാമിക രാജ്യമാക്കാന്‍ യുവാക്കള്‍ക്കു പണം കൊടുക്കുന്നുവെന്നും മറ്റും മുഖ്യമന്ത്രി തെളിവില്ലാതെ വിളിച്ചുപറയുന്നത്‌ അങ്ങേയറ്റം ഗുരുതരമാണ്‌. മുസ്‌്‌ലിംകളെ പൂര്‍ണമായും അകറ്റി ഹിന്ദുത്വ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള സി.പി.എമ്മിന്റെ നാലാം അടവുനയമാണിതെങ്കില്‍ മുഖ്യമന്ത്രിക്കു തെറ്റിയിരിക്കുന്നു. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെ ഒരു മുഖ്യമന്ത്രി ചോദ്യംചെയ്യുന്നതും ഇതാദ്യമാണ്‌.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India