മുഖ്യമന്ത്രിയുടെ മുസ്‌ലിംവിരുദ്ധ പ്രസ്‌താവന: പ്രതിഷേധം വ്യാപകം

Monday, July 26th, 2010
തിരുവനന്തപുരം: വിവാഹത്തിലൂടെയും മറ്റും മതപരിവര്‍ത്തനം നടത്തി കേരളത്തെ മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമം നടക്കുന്നുവെന്നതുള്‍പ്പെടെയുള്ള അബദ്ധജടിലമായ പരാമര്‍ശങ്ങളടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു. സമൂഹത്തില്‍ തെറ്റിദ്ധാരണയും പരസ്‌പരവൈരവും വളര്‍ത്താന്‍ മാത്രം ഉതകുന്ന പ്രസ്‌താവനയ്‌ക്കു സംഘപരിവാരത്തിന്റെ ഭാഷയാണെന്നു മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ പ്രതികരിക്കുന്നതിനിടയിലാണ്‌ മുഖ്യമന്ത്രി വര്‍ഗീയവിഷം ചീറ്റുന്ന പ്രസ്‌താവന നടത്തിയത്‌.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന ദുഷ്ടലാക്കോടെയുള്ളതാണെന്നു പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പോപുലര്‍ ഫ്രണ്ടിനെ വിമര്‍ശിക്കുന്നുവെന്ന വ്യാജേന മുസ്‌ലിം സമുദായത്തെയാകെ മുഖ്യമന്ത്രി അധിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹം കോട്ടയത്തു പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന തന്റെ പദവിക്ക്‌ നിരക്കാത്തതാണെന്നു മുസ്‌ലിംലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ വടുതലയില്‍ പറഞ്ഞു. കൊച്ചുകുട്ടികളെപ്പോലെ പിച്ചും പേയും പറയുന്ന ശൈലി മുഖ്യമന്ത്രി നിര്‍ത്തണം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മറച്ചുവയ്‌ക്കാന്‍ ഒരു സമുദായത്തിനു നേരെ കുതിരകയറുന്ന നടപടി യുക്തിക്കു നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനും സി.പി.എമ്മും സംഘപരിവാരത്തിന്റെ നയമാണു നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന അധികാരം നഷ്ടപ്പെടാന്‍ പോവുന്നതിന്റെ വെപ്രാളത്തില്‍ നിന്നു രൂപപ്പെട്ടതാണ്‌. ഇത്രയും തരംതാണ പ്രസ്‌താവന കേരളം കണ്ടിട്ടില്ല.
പ്രസ്‌താവനയോട്‌ സി.പി.എം നേതാക്കള്‍ നിലപാടു വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക്‌ അതേ രീതിയില്‍ മറുപടി പറയാന്‍ കഴിയുമെന്നും എന്നാല്‍ താന്‍ സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്‌താവന പോപുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നതാണ്‌. വി എസ്‌ തീവ്രവാദികളുമായി ഒത്തുകളിക്കുകയാണെന്നും ലീഗ്‌ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
മുസ്‌ലിംകളോടുള്ള അസഹിഷ്‌ണുത അച്യുതാനന്ദന്‍ മുമ്പും പ്രകടിപ്പിച്ചതാണെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലെ വര്‍ഗീയത മുഴുവന്‍ മറയും നീക്കി പുറത്തുവന്നിരിക്കുകയാണെന്നും പോപുലര്‍ ഫ്രണ്ട്‌ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്‌മാന്‍ വ്യക്തമാക്കി.
നരേന്ദ്രമോഡിയുടെ ശൈലി വി എസ്‌ സ്വീകരിക്കുന്നതു ശരിയാണോ എന്ന്‌ സി.പി.എം തീരുമാനിക്കട്ടെ. എന്നാല്‍, കേരളത്തിലെ ഒരു മുഖ്യമന്ത്രിയിലൂടെ ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പുറത്തുവരുന്നത്‌ മതേതരകേരളത്തിന്‌ അപമാനമാണ്‌. ഇപ്പോള്‍ നടക്കുന്ന മുസ്‌ലിം വേട്ടയുടെ ഉന്നം പോപുലര്‍ ഫ്രണ്ടോ ഏതെങ്കിലും സംഘടനയോ അല്ല, മുസ്‌ലിം സമുദായം മുഴുവനുമാണെന്ന്‌ അച്യുതാനന്ദന്റെ പ്രസ്‌താവനയോടെ തീര്‍ച്ചയായതായും അദ്ദേഹം പറഞ്ഞു.
വി എസ്‌ അച്യുതാനന്ദന്റെ പ്രസ്‌താവന മുസ്‌ലിംവിരുദ്ധ വികാരത്തിന്റെ വെളിപ്പെടുത്തലാണെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണു പരീക്ഷകളില്‍ വിജയിക്കുന്നതെന്നുപോലും പറഞ്ഞ വ്യക്തിയാണു വി എസ്‌. 700 കൊല്ലം ഇന്ത്യ ഭരിച്ചിട്ടും ഇവിടെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ മുസ്‌ലിംകള്‍ ശ്രമിച്ചിട്ടില്ല. മഹാന്‍മാരായ സൂഫികളുടെയും മറ്റും പ്രവര്‍ത്തനഫലമായാണ്‌ ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത്‌. ഒരു മുസ്‌ലിം കക്ഷിക്കും വി എസ്‌ പറഞ്ഞതുപോലെ കേരളത്തെ മുസ്‌ലിം രാജ്യമാക്കാനുള്ള പ്രവര്‍ത്തനശൈലിയോ അജണ്ടയോ ഇല്ല. ന്യൂനപക്ഷത്തിനെതിരേ പ്രസ്‌താവനയിറക്കി ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷകസംഘടനകളുടെയും സംയുക്ത നേതൃയോഗം, കോണ്‍ഗ്രസ്‌ വക്താവ്‌ എം എം ഹസന്‍, കേരള മുസ്‌ലിം ജമാഅത്ത്‌ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ പൂക്കുഞ്ഞ്‌ , ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി ആരിഫലി, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ എ പുതിയവളപ്പില്‍, എസ്‌.ഡി.പി.ഐ സംസ്ഥാനസെക്രട്ടേറിയറ്റ്‌., എം.ഇ.എസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഫസല്‍ ഗഫൂര്‍, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, കെ.എന്‍.എം, ഐ.എസ്‌.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌, മെക്ക സംസ്ഥാന സെക്രട്ടേറിയറ്റ്‌, കേരള കോണ്‍ഗ്രസ്‌ വൈസ്‌ ചെയര്‍മാന്‍ പി സി ജോര്‍ജ്‌, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ വീരേന്ദ്രകുമാര്‍, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട തുടങ്ങിയ സംഘടനാ നേതാക്കളും മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ വിമര്‍ശിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India