School Chalo 2012

മലേഗാവ്: എ.ടി.എസ് ഉദ്യോഗസ്ഥരെ എന്‍.ഐ.എ ചോദ്യംചെയ്യും

Monday, January 30th, 2012
ന്യൂഡല്‍ഹി: 35 പേരുടെ മരണത്തിനിടയാക്കിയ 2006ലെ ഒന്നാം മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സക്വാഡ് (എ.ടി.എസ്) ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നു. കേസില്‍ എ.ടി.എസിന്റെ പങ്കും അവര്‍ നടത്തിയ അന്വേഷണവും പുനപ്പരിശോധിക്കാനാണ് എന്‍.ഐ.എ പദ്ധതിയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി മലേഗാവിലെത്തിയ എന്‍.ഐ.എ സംഘം നേരത്തേ കേസന്വേഷിച്ച എ.ടി.എസ് ശേഖരിച്ച ഫോറന്‍സിക് തെളിവുകള്‍ പരിശോധിച്ചു. എ.ടി.എസ് ഉദ്യോഗസ്ഥരായ ജോയിന്റ് കമ്മീഷണര്‍ കെ പി രഘുവംശിയും ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുബോധ് ജയ്‌സ്വാളും അടങ്ങിയ സംഘമാണു കേസില്‍ നേരത്തേ അന്വേഷണം നടത്തിയത്. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് നിരപരാധികളായ മുസ്‌ലിംയുവാക്കളെ എ.ടി.എസ് കേസില്‍ക്കുടുക്കി ജയിലിലടയ്ക്കുകയുമുണ്ടായി. എന്നാല്‍, ഇവര്‍ കുറ്റക്കാരല്ലെന്നു പിന്നീട് വ്യക്തമായി.
റൂറല്‍ എസ്.പി രാജവര്‍ധനയെയും എന്‍.ഐ.എ സംഘം ചോദ്യംചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണം നടക്കുന്നതിനിടെ രാജവര്‍ധന്‍ തന്നെക്കൊണ്ടു നിര്‍ബന്ധിച്ച് അജ്ഞാതന് ഫോണ്‍ ചെയ്യിച്ചെന്ന് കേസില്‍ എ.ടി.എസ് അറസ്റ്റ് ചെയ്ത അബ്‌റാര്‍ ഗുലാം അഹ്മദ് കോടതിയില്‍ ആരോപിച്ചിരുന്നു. 1997 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് രാജവര്‍ധന്‍.
മലേഗാവില്‍ സ്‌ഫോടനം നടത്തിയതിനു പിന്നില്‍ ഹിന്ദുത്വസംഘടനയാണെന്നു മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ആര്‍.എസ്.എസ് നേതാവ് സ്വാമി അസീമാനന്ദ കുറ്റസമ്മതം നടത്തിയിരുന്നു. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് നേതാവ് സുനില്‍ ജോഷിക്ക് മലേഗാവ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, വര്‍ഷങ്ങളോളം ജയിലിലടച്ച ഒമ്പതു മുസ്‌ലിംയുവാക്കളുടെ ജാമ്യം കോടതിയില്‍ എന്‍.ഐ.എ എതിര്‍ത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് സ്‌ഫോടനത്തില്‍ പങ്കുള്ളതായി തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഷബീര്‍ അഹ്മദ് മസീഉല്ല, നൂറുല്‍ഹുദ ശംസുദുഹ, റഈസ് അഹ്മദ് മന്‍സൂരി, സല്‍മാന്‍ ഫാരിസി ഐമി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂമി, മുഹമ്മദ് അലി ശെയ്ഖ്, ആസിഫ് ഖാന്‍, മുഹമ്മദ് അബ്ദുല്‍ അന്‍സാരി, അബ്‌റാര്‍ ഗുലാം അഹ്മദ് എന്നിവര്‍ക്കു കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
2006ലെ ശാബെ ബറാത്ത് ദിനത്തിലായിരുന്നു മലേഗാവ് ജുമാ മസ്ജിദിനു സമീപം മൂന്നു ബോംബുകള്‍ പൊട്ടി 35 പേര്‍ മരിച്ചത്. എന്നാല്‍, യഥാര്‍ഥ പ്രതികളെക്കുറിച്ചു കാര്യമായ അന്വേഷണം നടത്താതെ, സ്‌ഫോടനമുണ്ടായ ഉടന്‍ മുസ്‌ലിംയുവാക്കളെ അറസ്റ്റ് ചെയ്യാനായിരുന്നു എ.ടി.എസിനു തിടുക്കം. അന്വേഷണം വഴിതിരിച്ചുവിടാന്‍ തെളിവുകള്‍ നശിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ എ.ടി.എസ് നടത്തിയിരുന്നോ എന്ന കാര്യവും എന്‍.ഐ.എ പരിശോധിക്കും.
2008ല്‍ സംഘപരിവാരശക്തികള്‍ മലേഗാവില്‍ നടത്തിയ മറ്റൊരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹിന്ദുത്വപ്രവര്‍ത്തകരായ പ്രജ്ഞാസിങ് ഠാക്കൂര്‍, കേണല്‍ ശ്രീകാന്ത് പുരോഹിത് തുടങ്ങിയവരെ മഹാരാഷ്ട്ര മുന്‍ എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലും ഉത്തരവാദിത്തം മുസ്‌ലിംകളുടെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു കേസന്വേഷിച്ച എ.ടി.എസ് തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍, കര്‍ക്കരെ അന്വേഷണം ഏറ്റെടുത്തതോടെ പ്രതികള്‍ ഹിന്ദുത്വരാണെന്നു വ്യക്തമാവുകയായിരുന്നു. കേസിലെ അന്വേഷണം ആര്‍.എസ്.എസ് നേതൃത്വത്തിലേക്കു നീണ്ടപ്പോഴാണ് മുംബൈ ആക്രമണത്തിനിടെ ദുരൂഹസാഹചര്യത്തില്‍ കര്‍ക്കരെ കൊല്ലപ്പെട്ടത്.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India