മഅ്‌ദനിക്കെതിരായ നീക്കം സംഘപരിവാര അജണ്ട: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കുടുക്കി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനിയെ വേട്ടയാടുന്നതിനു പിന്നില്‍ സംഘപരിവാരത്തിന്റെ ഒളിയജണ്ടയാണുള്ളതെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആരോപിച്ചു. സമീപകാലത്ത് രാജ്യത്തു നടന്ന പല സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഹിന്ദുത്വ തീവ്രവാദികളുടെ കരങ്ങളാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തില്‍ മുസ്‌ലിം യുവാക്കള്‍ക്കു പിന്നാലെ പോയ ഏജന്‍സികള്‍ക്ക് അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ സംഘപരിവാരബന്ധം ബോധ്യപ്പെട്ടതും അതു വെളിച്ചത്തായതും ആര്‍.എസ്.എസിനെ ഒട്ടൊന്നുമല്ല അങ്കലാപ്പിലാക്കിയത്. മലേഗാവ്, നന്ദേഡ്, മക്കാ മസ്‌ജിദ്, അജ്‌മീര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രകടമായ ഹിന്ദുത്വബന്ധം ഉണ്ടെന്ന് വെളിപ്പെടുകയും ചെയ്‌തു.
ഈ സാഹചര്യത്തില്‍ തൂക്കമൊപ്പിക്കുന്നതിനുവേണ്ടിയാണ് ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കര്‍ണാടക സര്‍ക്കാരിനെയും പോലിസിനെയും ഉപയോഗപ്പെടുത്തി മഅ്‌ദനിയെ ബലിയാടാക്കാന്‍ ശ്രമിക്കുന്നത്. പോലിസ് കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി വിദൂരബന്ധം പോലുമില്ലാത്ത ഒരാളില്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞു കുറ്റമാരോപിക്കുന്നത് നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യലാണ്.
കേന്ദ്രത്തില്‍ ബി.ജെ.പി ഭരിച്ചിരുന്നപ്പോള്‍ അവരുടെ സഖ്യകക്ഷിയായിരുന്ന ജയലളിതയിലൂടെ മഅ്‌ദനിക്കെതിരേ ആര്‍.എസ്.എസ് പയറ്റിയ അതേ കുതന്ത്രം തന്നെയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിലൂടെയും അവരിപ്പോള്‍ ചെയ്യുന്നത്. കോയമ്പത്തൂര്‍ കേസില്‍ മഅ്‌ദനിയെ തമിഴ്‌നാട് പോലിസിനു പിടിച്ചുകൊടുത്തവര്‍ തന്നെയാണ് ഇപ്പോള്‍ കര്‍ണാടക പോലിസിനും അദ്ദേഹത്തെ കൈമാറാന്‍ ശ്രമിക്കുന്നത്. ഇത്തരം കുടിലനീക്കങ്ങള്‍ക്കെതിരേ ജനാധിപത്യ, മതേതര കക്ഷികളും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്‌മകളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
A neo social movement for a new India of equal rights to all Indians

















































