School Chalo 2012

ബംഗ്ലാദേശി യുവാവിനെ ബി.എസ്.എഫ് പീഡിപ്പിക്കുന്ന വീഡിയോ വിവാദമാവുന്നു

Friday, February 3rd, 2012
കൊല്‍ക്കത്ത: അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ ഇന്ത്യയില്‍ കാലിക്കച്ചവടം ചെയ്യുന്ന ബംഗ്ലാദേശിയ യുവാവിന് ഇന്ത്യന്‍ അതിര്‍ത്തി സേന (ബി.എസ്.എഫ്) മൃഗീയമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഇതേത്തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട എട്ടുജവാന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.
ജനുവരിയിലാണ് കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് ബംഗ്ലാദേശി യുവാവിനെ ബി.എസ്.എഫ് ജവാന്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. അതിര്‍ത്തി ജില്ലയായ പശ്ചിമബംഗാളിലെ മുര്‍ശിദാബാദിലാണ് മനസ്സാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. യുവാവിനെ കൈകാലുകള്‍ കൂട്ടിക്കെട്ടി വിവസ്ത്രനാക്കിയ ശേഷം വലിയ വടിയുപയോഗിച്ച് കുത്തുകയും അടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് 11 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. വാവിട്ടുകയുന്ന യുവാവ് പട്ടാളക്കാരന്റെ കാലില്‍ പിടിച്ച് മര്‍ദ്ദനം നിര്‍ത്താന്‍ കേണപേക്ഷിച്ചിട്ടും ഇയാളെ വെറുതെവിടാന്‍ ജവാന്‍മാര്‍ തയ്യാറായില്ല. വളഞ്ഞു നിന്ന് ബൂട്ട്‌സിട്ട കാലുകൊണ്ട് മര്‍മ്മ സ്ഥാനങ്ങളില്‍ തൊഴിച്ചും പൃഷ്ടത്തില്‍ ലാത്തികയറ്റിയും 'വിനോദം' തുടരുകയായിരുന്നു സൈനികര്‍. തളര്‍ന്നവശനായ ഇയാളുടെ കൈകള്‍ കുരിശുമാതൃകയില്‍ ലാത്തിയില്‍ ബന്ധിച്ച ശേഷം പൃഷ്ടത്തിലും കാല്‍വെള്ളയില്‍ പാമ്പിനെ തല്ലുന്നതുപോലെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സഹപ്രവര്‍ത്തകര്‍ ചായകുടിച്ചുകൊണ്ട് ആസ്വദിക്കുന്നരംഗവും വീഡിയോയിലുണ്ട്. 
സഹപ്രവര്‍ത്തകരുടെ ക്രൂരവിനോദങ്ങള്‍ ഒരു പട്ടാളക്കാരന്‍ തന്നെയാണ് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. മൊബൈല്‍ രംഗങ്ങള്‍ തൊട്ടടുത്ത ഇന്റര്‍നെറ്റ് കഫേയില്‍ കൊണ്ടുപോയി സിഡിയിലേക്ക് മാറ്റുകയും ഗ്രാമീണര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. ഈരീതിയില്‍ വിതരണം ചെയ്യപ്പെട്ട സി.ഡികളിലൊന്ന് സര്‍ക്കാരിതര സംഘടനയായ മസൂമിന്റെ പ്രവര്‍ത്തകരിലൊരാള്‍ക്ക് ലഭിച്ചതോടെയാണ് ബി.എസ്.എഫ് ജവാന്‍മാരുടെ ക്രൂരത പുറത്തായത്. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചാല്‍ എന്തുസംഭവിക്കുമെന്ന് ആളുകളെ ഭയപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് സംഘടനയുടെ സെക്രട്ടറിയും പൗരാവകാശ പ്രവര്‍ത്തകനുമായ കീര്‍ത്തി റോയ് പറഞ്ഞു.
ബി.എസ്.എഫിന്റെ ഇത്തരം ക്രൂരതകള്‍ അതിര്‍ത്തിയില്‍ പതിവാണെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് ഇവരുടെ ക്രൂരകൃത്യങ്ങള്‍ക്ക് വളംവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിര്‍ത്തി സേന നിയന്ത്രണമില്ലാതെയാണ് പെരുമാറുന്നതെന്ന തങ്ങളുടെ വാദം ബലപ്പെടുത്തുന്നതാണ് വീഡിയോ ദൃശ്യങ്ങളെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ദക്ഷിണേഷ്യന്‍ ഡയരക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു. കുറ്റക്കാരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കന്നുകാലി കള്ളക്കടത്ത് നടത്തുന്നത് തടയാനുള്ള ശ്രമത്തിനിടയിലാണ് അക്രമമുണ്ടായതെന്നാണ് ബി.എസ്.എഫ് ഭാഷ്യം.
രണ്ടാഴ്ച മുമ്പേ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത് തമസ്‌ക്കരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഫേസ് ബുക്കില്‍ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണല്‍ വീഡിയോ സഹിതമുള്ള വാര്‍ത്ത വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India