ഫ്രീഡം പരേഡ്‌ നിരോധനം ഫാഷിസം: പോപുലര്‍ ഫ്രണ്ട്‌

Sunday, August 15th, 2010
കോഴിക്കോട്‌: 2004 മുതല്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംഘടിപ്പിച്ചുവരുന്ന ഫ്രീഡം പരേഡ്‌ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധിച്ച നടപടി ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഫാഷിസത്തിന്റെ വഴി സ്വീകരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷമായ തെളിവാണെന്നു സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി അബ്ദുല്‍ഹമീദ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെ ദേശീയ മുഖ്യധാരയിലേക്ക്‌ ആനയിക്കുകയും സര്‍ക്കാര്‍ പരിപാടികളില്‍ ഒതുങ്ങി നില്‍ക്കാറുള്ള സ്വാതന്ത്ര്യദിനാഘോഷം ജനകീയമാക്കുകയും ചെയ്യുന്നതില്‍ ഫ്രീഡം പരേഡ്‌ വിജയിക്കുകയുണ്ടായി. ഈ പരിപാടികളില്‍ ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കാറുണ്ട്‌.
ഓരോ വര്‍ഷവും ഫ്രീഡം പരേഡിന്‌ ലഭിച്ചുകൊണ്ടിരിക്കുന്ന ജനസ്വീകാര്യതയാണു സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നത്‌.
പരേഡ്‌ നടത്തിയതുമൂലം മുമ്പ്‌ ഒരിക്കല്‍പ്പോലും സംസ്ഥാനത്തൊരിടത്തും ക്രമസമാധാനപ്രശ്‌നം ഉണ്ടായിട്ടില്ല. കേരളത്തിലും അന്യസംസ്ഥാനങ്ങളിലും ഫ്രീഡം പരേഡിനെതിരായി ഹിന്ദുരാഷ്ട്രവാദികള്‍ മാത്രമാണു പ്രതിഷേധമുയര്‍ത്തിയിട്ടുള്ളത്‌. നിരോധനം വഴി സി.പി.എം ഭരണകൂടം ഹിന്ദുത്വവാദികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണു ചെയ്യുന്നത്‌. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വവാദികളാെണന്നു വ്യക്തമാക്കുന്ന പോസ്‌റ്ററൊട്ടിച്ചതിന്‌ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ അറസ്റ്റ്‌ ചെയ്‌തു ജയിലിലിട്ടതും ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌.സ്വാതന്ത്രദിനത്തില്‍ ദേശീയഗാനമാലപിച്ചു പരേഡ്‌ നടത്തുന്നതും മുസ്‌ലീംകളിലെ ഒരു വിഭാഗം സ്വാതന്ത്രദിനമാഘോഷിക്കരുത്‌ എന്ന നിലപാടും രാജ്യത്ത്‌ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിക്കൂടാത്തതാണെന്നും നാസറുദ്ദീന്‍ പറഞ്ഞു.
സമാധാനപരമായി നടത്തുന്ന ഒരു പരേഡ്‌ മൂലം തകരുന്നതാണു സംസ്ഥാനത്തെ ക്രമസമാധാനനിലയെങ്കില്‍ അതിന്‌ ഉത്തരവാദിയായ ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയുകയാണു വേണ്ടത്‌.
മൂവാറ്റുപുഴ സംഭവത്തിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട്‌ നേതാക്കളെയടക്കം ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തുകയും റമദാന്‍ മാസത്തിലും തുടര്‍ച്ചയായി പ്രവര്‍ത്തകരെ ശല്യപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂടം സംസ്ഥാനത്തു പോലിസ്‌ രാജ്‌ നടപ്പാക്കുകയാണെന്നും ഇതിനെതിരേ മുഴുവന്‍ ജനങ്ങളും പ്രതിഷേധമുയര്‍ത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. മുന്‍ഗാമികള്‍ രക്തവും ജീവനും നല്‍കി നേടിത്തന്ന ദേശീയ സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള ജനകീയ പോരാട്ടം ശക്‌തമായി തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India