ഫ്രീഡം പരേഡിനു കണ്ണൂരിലും കോട്ടയത്തും നിരോധനം

Tuesday, July 20th, 2010
കണ്ണൂര്‍/കോട്ടയം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട്‌ ആഗസ്‌ത്‌ 15നു കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും കോട്ടയത്തെ ഈരാറ്റുപേട്ടയിലും നടത്താനിരുന്ന ഫ്രീഡം പരേഡിന്‌ ജില്ലാ ഭരണകൂടങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തി.
കേരള പോലിസ്‌ ആക്‌റ്റ്‌ 21(എ) പ്രകാരമാണു നിരോധനമെന്നു കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്നലെ വൈകീട്ട്‌ മുതല്‍ 31 ദിവസത്തേക്കാണു നിരോധനം. ഇതിന്റെ ഭാഗമായുള്ള പരിശീലനപരിപാടികള്‍ക്കും നിരോധനമുണ്ട്‌.
പോപുലര്‍ ഫ്രണ്ടും സമാനസംഘടനകളും നടത്താനിരുന്ന ഫ്രീഡം പരേഡ്‌ കോട്ടയം ജില്ലയില്‍ നിരോധിച്ചുകൊണ്ട്‌ ജില്ലാ കലക്‌ടറുടെ ചുമതലയുള്ള അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റാണ്‌്‌ ഉത്തരവിട്ടത്‌. പരേഡും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്തുന്നത്‌ ഗുരുതരമായ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്നുള്ള ജില്ലാ പോലിസ്‌ സൂപ്രണ്ടിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. ഈരാറ്റുപേട്ടയിലും ജില്ലയിലെ മറ്റു ചില സ്ഥലങ്ങളിലും നടത്താനിരുന്ന ഫ്രീഡം പരേഡ്‌, അതുമായി ബന്ധപ്പെട്ട പരിശീലനം, റിഹേഴ്‌സല്‍ എന്നിവയ്‌ക്കും നിരോധനം ബാധകമാണ്‌. ഇന്നു രാവിലെ ആറു മുതല്‍ 30 ദിവസത്തേക്കാണു നിരോധനം.
ഫ്രീഡം പരേഡിന്‌ ആലുവയില്‍ കഴിഞ്ഞ ദിവസം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിന്റെ മറപിടിച്ചാണ്‌ കേരളം, തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോപുലര്‍ ഫ്രണ്ട്‌ സ്വാതന്ത്ര്യദിനത്തില്‍ നടത്തിവരുന്ന പരേഡിന്‌ മൂന്ന്‌ ജില്ലകളില്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്‌.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India