പ്രാദേശികസംഭവത്തിന്റെ പേരില്‍ സംസ്ഥാനത്താകെ റെയ്‌ഡ്‌ നടത്തുന്നത്‌ ആദ്യം: പോപുലര്‍ ഫ്രണ്ട്‌

Wednesday, July 14th, 2010
കോഴിക്കോട്‌: ഒരു പ്രാദേശികസംഭവത്തിന്റെ പേരില്‍ സംസ്ഥാനത്താകെ ഭീകരത സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരേ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നു പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അധ്യാപകനെ ആക്രമിച്ചതിനു സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്‌. അതിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന കാര്യാലയവും എല്ലാ ജില്ലയിലെയും ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും റെയ്‌ഡ്‌ ചെയ്യുന്നത്‌ ആദ്യസംഭവമാണ്‌.
ഈ നീക്കത്തെ നിസ്സാരമായി കാണുന്നില്ല. ആസൂത്രിതമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്‌. രണ്ടു പതിറ്റാണ്ടായി സമൂഹത്തില്‍ സ്വീകാര്യതയോടെ പ്രവര്‍ത്തിക്കുന്ന നവസാമൂഹികപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇവിടെയുണ്ട്‌. പ്രാദേശികമായ ഒരു സംഭവമുയര്‍ത്തി ഈ ശക്തികളെല്ലാം ഇപ്പോള്‍ ഒന്നിച്ചിരിക്കയാണ്‌. ഉദ്യോഗസ്ഥലോബിയും രാഷ്ട്രീയലോബിയും മറ്റു ശക്തികളും ഉള്‍പ്പെടുന്നതാണ്‌ ഈ സഖ്യം.
ഒരു സംഭവമുണ്ടായാല്‍ നിഷ്‌പക്ഷമായ അന്വേഷണം നടത്തുന്നതിനും നിയമവാഴ്‌ച ഉറപ്പുവരുത്തുന്നതിനും സഹകരിക്കുന്ന പ്രസ്ഥാനമാണു പോപുലര്‍ ഫ്രണ്ട്‌. മുസ്‌ലിം സമുദായത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന ഓരോ ശക്തിയെയും തിരഞ്ഞുപിടിച്ച്‌ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ രാഷ്ട്രീയമായി ഉയര്‍ത്താനുള്ള ശ്രമമാണ്‌ പോപുലര്‍ ഫ്രണ്ട്‌ നടത്തുന്നത്‌. മുസ്‌ലിം, പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം രാജ്യത്താകെ രൂപപ്പെടുത്തുകയാണു ലക്ഷ്യം. ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തിന്റെ പേരില്‍ കേരളക്കരയാകെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്‌ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ്‌. എന്തൊക്കെ ആക്രമണങ്ങളുണ്ടായാലും ഫാഷിസത്തിനും സാമ്രാജ്യത്വത്തിനും ഇസ്രായേലീ സയണിസത്തിനുമെതിരായ നിലപാടില്‍ വിട്ടുവീഴ്‌ചയില്ല. ഏതു രീതിയിലുള്ള ഭീകരതയുണ്ടാക്കിയാലും അതിനെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ജനകീയപ്രക്ഷോഭം വളര്‍ത്തിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട്‌ ജന. സെക്രട്ടറി അബ്ദുല്‍ ഹമീദ്‌, കെ എച്ച്‌ നാസര്‍, അബ്ദുര്‍റഹ്‌മാന്‍ ബാഖവി എന്നിവരും സംബന്ധിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India