പ്രസ്‌താവന മുഖ്യമന്ത്രി തിരുത്തണം: പോപുലര്‍ ഫ്രണ്ട്‌

You are not authorized to view comments.
Friday, July 30th, 2010
തിരുവനന്തപുരം: കേരളത്തെ 20 വര്‍ഷത്തിനുള്ളില്‍ മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നും ജനസംഖ്യ വര്‍ധിപ്പിക്കാന്‍ മറ്റു മതസ്ഥരെ പ്രണയത്തിലൂടെ മതം മാറ്റുന്നുവെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം തിരുത്തണമെന്നു പോപുലര്‍ ഫ്രണ്ട്‌. മുസ്‌ലിംകളെക്കുറിച്ചല്ല പോപുലര്‍ ഫ്രണ്ടിനെക്കുറിച്ചാണ്‌ താന്‍ പരാമര്‍ശിച്ചതെന്നു പറയുന്ന മുഖ്യമന്ത്രി, വീണത്‌ വിദ്യയാക്കാന്‍ ശ്രമിക്കുകയാണെന്നു പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതി തള്ളിയ ലൗ ജിഹാദ്‌ സംഘപരിവാരത്തെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ്‌ മുഖ്യമന്ത്രി ആവര്‍ത്തിച്ചത്‌. പോപുലര്‍ഫ്രണ്ട്‌ നടത്തുന്ന ഫ്രീഡം പരേഡിനെയും മുഖ്യമന്ത്രി അസഹിഷ്‌ണുതയോടുകൂടിയാണ്‌ കാണുന്നത്‌. നിയമസഭയില്‍ പോപുലര്‍ ഫ്രണ്ടിന്റേതെന്ന പേരില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച രേഖ സംഘടനയുമായി ബന്ധമില്ലാത്തതാണ്‌. മുഖ്യമന്ത്രി ഉദ്ധരിച്ച പരാമര്‍ശം പോപുലര്‍ ഫ്രണ്ടിന്റെ ഏതു രേഖയില്‍ നിന്നാണ്‌ ലഭിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാന്‍ വെല്ലുവിളിക്കുന്നു. പോപുലര്‍ ഫ്രണ്ടിന്‌ അത്തരമൊരു രേഖയില്ലെന്നു ബോധ്യപ്പെട്ടാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവച്ചു മാന്യത കാട്ടണമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന ലക്ഷ്യം പോപുലര്‍ ഫ്രണ്ടിനില്ല. പോപുലര്‍ ഫ്രണ്ട്‌ ഒരു മതസംഘടനയല്ല. പോപുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ നിന്ന്‌ ആയുധങ്ങള്‍ പിടിച്ചുവെന്നതു വ്യാജ വാര്‍ത്തയാണ്‌. കണ്ണൂര്‍ ജില്ലയിലെ എടക്കാട്‌, തളിപ്പറമ്പ്‌ എന്നിവിടങ്ങള്‍ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളാണ്‌. അവിടെ നിന്നാണ്‌ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളത്‌.
മൂവാറ്റുപുഴ സംഭവം അപലപനീയമാണ്‌. എന്നാല്‍, അതിലേക്കു നയിച്ച സാഹചര്യങ്ങളെ കാണാതിരുന്നുകൂടാ. രാജ്യവിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാതെ പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കു ദേശീയ മാനം നല്‍കുന്നതിലെ രാഷ്ട്രീയം തിരിച്ചറിയാന്‍ കേരളസമൂഹത്തിനു കഴിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ടിനെ മറയാക്കി യഥാര്‍ഥ വിധ്വംസകശക്തികളുടെ ഇടപെടല്‍ തിരിച്ചറിയാതെ പോവുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India