പോലിസ്‌ തേര്‍വാഴ്‌ച അപലപനീയം: നാഷനല്‍ വിമന്‍സ്‌ ഫ്രണ്ട്‌

Tuesday, July 20th, 2010
ആലുവ: മൂവാറ്റുപുഴ സംഭവത്തിന്റെ മറവില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരു വിഭാഗം പോലിസ്‌ ഉദ്യോഗസ്ഥര്‍ നടത്തുന്ന തേര്‍വാഴ്‌ച അപലപനീയമാണെന്നു നാഷനല്‍ വിമന്‍സ്‌ ഫ്രണ്ട്‌ (എന്‍.ഡബ്ല്യു.എഫ്‌) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലിസിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതികരിക്കാനുള്ള ജനാധിപത്യപരമായ പൗരാവകാശം പോലും തടയപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ എസ്‌.പി ഓഫിസ്‌ മാര്‍ച്ച്‌ തടഞ്ഞ നടപടി. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്തണമെന്നും നിര്‍ബന്ധമുള്ളതുകൊണ്ടാണ്‌ നിരോധനം ലംഘിക്കാന്‍ മുതിരാതിരുന്നത്‌. അധ്യാപകനെ ആക്രമിച്ചത്‌ ദൗര്‍ഭാഗ്യകരമാണ്‌. കേസിലെ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതിനു പകരം പ്രശ്‌നത്തെ വര്‍ഗീയപരമാക്കി മുതലെടുപ്പു നടത്തുകയാണ്‌. അന്വേഷണത്തിന്റെ മറവില്‍ സ്‌ത്രീകളെയും പിഞ്ചുകുട്ടികളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമാണ്‌ പോലിസ്‌. അര്‍ധരാത്രി വീടുകളുടെ വാതിലുകള്‍ ചവിട്ടിപ്പൊളിക്കുകയും പൂര്‍ണഗര്‍ഭിണികളെയും വൃദ്ധരെയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അരങ്ങേറി. പോലിസ്‌ അന്വേഷിക്കുന്ന പിതാവിനെ കിട്ടാത്തപക്ഷം കുട്ടിയെ തട്ടിക്കൊണ്ടുപോവുമെന്നുവരെ ഭീഷണിപ്പെടുത്തി. പരിശോധനയ്‌ക്കായി വീട്ടിലെത്തിയ ഉന്നതോദ്യോഗസ്ഥര്‍ അഞ്ചു വയസ്സായ പെണ്‍കുട്ടിയെ നഗ്നയാക്കി പരിശോധന നടത്തുകയും വിശുദ്ധ ഖുര്‍ആന്‍ കീറി നശിപ്പിക്കുകയും ചെയ്‌തു. മൂവാറ്റുപുഴയിലും ആലുവയിലും എന്‍.ഡബ്ല്യു.എഫ്‌ പ്രതിഷേധ പരിപാടികള്‍ തടഞ്ഞ പോലിസ്‌ രാജ്യത്തുടനീളം ഭീകരസ്‌ഫോടനങ്ങള്‍ നടത്തുകയും ഉപരാഷ്ട്രപതിയെ പോലും വധിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ സംഘപരിവാര സംഘടനകള്‍ക്കു പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനത്തിന്‌ അനുമതി നല്‍കിയിരുന്നു. ഇതു കേരള പോലിസിലെ ചിലരുടെ വര്‍ഗീയ അജണ്ടയാണ്‌ വ്യക്തമാക്കുന്നത്‌. സ്‌ത്രീകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ഡബ്ല്യു.എഫ്‌ നാളെ ഹൈന്ദവ, ക്രൈസ്‌തവ സ്‌ത്രീകള്‍ക്കെതിരേ കൈയേറ്റമുണ്ടായാലും രംഗത്തുവരുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ റൈഹാനത്ത്‌ പറഞ്ഞു. എറണാകുളം ജില്ലാ പ്രസിഡന്റ്‌ ഷീബാ സഗീര്‍, സെക്രട്ടറി സുനൈന പങ്കെടുത്തു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India