പോലിസ്‌ അതിക്രമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട്‌ മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കി

Tuesday, July 20th, 2010
കോഴിക്കോട്‌: മതനിന്ദാപരമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധമായി ഓഫിസുകള്‍ റെയ്‌ഡ്‌ ചെയ്യുകയും പ്രവര്‍ത്തകരെയും കുടുംബത്തെയും പീഡിപ്പിക്കുകയും ചെയ്യുന്ന പോലിസ്‌ നടപടിക്കെതിരേ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി.
പൊതുജന സമ്പര്‍ക്കത്തിന്റെ ഭാഗമായി തയ്യാറാക്കിയ നിയമപരമായ ലഘുലേഖകള്‍, പുസ്‌തകങ്ങള്‍, പോസ്‌റ്ററുകള്‍, സി.ഡികള്‍ എന്നിവ ഓഫിസുകളില്‍ നിന്നു പോലിസ്‌ പിടിച്ചെടുത്ത്‌ അവയ്‌ക്കു ഭീകര സ്വഭാവമുണ്ടെന്നു മാധ്യമങ്ങള്‍ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായി പരാതിയില്‍ പറയുന്നു.
പ്രാദേശികമായ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ മാത്രമല്ല അവരുടെ കുടുംബത്തെപ്പോലും പോലിസ്‌ വേട്ടയാടുന്നു. ചില പ്രവര്‍ത്തകരുടെ വൃദ്ധരായ മാതാപിതാക്കളെപ്പോലും പോലിസ്‌ കസ്റ്റഡിയിലെടുത്തു. ചിലരുടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നു ഭീഷണിപ്പെടുത്തുന്നു.
പോലിസിന്റെ ഈ അതിക്രമത്തിനു സംസ്ഥാനത്തു സമാനതകളില്ല. ആര്‍.എസ്‌.എസ്‌, ബി.ജെ.പി, സി.പി.എം തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സമാന സംഭവങ്ങളില്‍ പോലിസ്‌ നടപടി കുറ്റക്കാരെ മാത്രം പിടികൂടുന്നതില്‍ ഒതുങ്ങിയിരുന്നു.
എന്നാല്‍, മേല്‍പ്പറഞ്ഞ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ്‌ പോലും റെയ്‌ഡ്‌ ചെയ്യുകയും പ്രചാരണ വസ്‌തുക്കള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്‌തു.
പോപുലര്‍ ഫ്രണ്ട്‌ രാജ്യത്തെ ഒരു ന്യൂനപക്ഷ സമുദായം രൂപീകരിച്ച ജനാധിപത്യ സംഘടനയാണ്‌; നിരോധിത സംഘടനയല്ല. മൂവാറ്റുപുഴയിലെ സംഭവവുമായി സംഘടനയ്‌ക്കു യാതൊരു ബന്ധവുമില്ല. പോപുലര്‍ ഫ്രണ്ട്‌ സംഭവത്തെ നേരത്തെ തന്നെ അപലപിച്ചിട്ടുമുണ്ട്‌. ഭരണഘടനാപരവും നിയമപരവുമായ അവകാശത്തോടൊപ്പം ന്യൂനപക്ഷ അവകാശങ്ങളും കൂടി ലംഘിക്കുന്നതാണ്‌ ഇപ്പോഴത്തെ പോലിസ്‌ നടപടി. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെട്ടു സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നു പരാതിയില്‍ അഭ്യര്‍ഥിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India