പോപുലര്‍ ഫ്രണ്ടുകാരില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകത്തില്‍ മതവിദ്വേഷമില്ല: ബി ആര്‍ പി ഭാസ്‌കര്‍

Sunday, August 15th, 2010
BRP

ബി ആര്‍ പി ഭാസ്‌കര്‍

തിരുവനന്തപുരം: ആലുവയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരില്‍ നിന്നു പോലിസ് പിടിച്ചെടുത്ത അവര്‍ണര്‍ക്കു നല്ലത് ഇസ്‌ലാം എന്ന പുസ്തകത്തില്‍ മതവിദ്വേഷം ഉളവാക്കുന്ന പരാമര്‍ശങ്ങളില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍. 1936ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. നാലു പ്രമുഖരുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. സഹോദരന്‍ അയ്യപ്പന്‍, കേരള കൗമുദി സ്ഥാപക എഡിറ്റര്‍ കെ സുകുമാരന്‍, എ കെ ഭാസ്‌കര്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവിതാംകൂറില്‍ ഈഴവര്‍ക്കിടയില്‍ കൂട്ടത്തോടെ മതംമാറ്റത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന കാലത്താണ് കൊച്ചിയിലെ ഒരു സംഘടന പുസ്തകം പ്രസിദ്ധീകരിച്ചത്.
ബുദ്ധമതം, ഇസ്‌ലാം മതം, സിഖ് മതം തുടങ്ങിയ മതങ്ങളിലേക്കു പോവുന്നത് ഉചിതമാണെന്ന അഭിപ്രായങ്ങളും അന്നുണ്ടായി. ഇതുസംബന്ധിച്ച കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്.
1988ല്‍ ദലിത് സാഹിത്യ അക്കാദമി പുസ്തകം പുനപ്രസിദ്ധീകരിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് എഴുതിയതാണ് പുസ്തകം. ഇസ്‌ലാമികസന്ദേശത്തെക്കുറിച്ചാണ് പുസ്തകത്തിലെ ലേഖനത്തില്‍ തന്റെ അച്ഛനായ എ കെ ഭാസ്‌കര്‍ പ്രതിപാദിക്കുന്നത്. മതംമാറ്റത്തെക്കുറിച്ച് ഇതില്‍ പറയുന്നില്ല. പുസ്തകത്തില്‍ പോലിസ് അപകടകരമായി കാണുന്നതെന്താണെന്നു മനസ്സിലാവുന്നില്ലെന്നും ബി ആര്‍ പി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നാണ് പുസ്തകം കൈവശം വച്ചുവെന്നാരോപിച്ച് ആറു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തത്.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India