School Chalo 2012

പൊന്മള പഞ്ചായത്തിലെ അഴിമതി: ജനകീയ പ്രക്ഷോഭ സംഘടിപ്പിക്കും: എസ്.ഡി.പി.ഐ

Friday, February 3rd, 2012
കോട്ടക്കല്‍: പൊന്മള പഞ്ചായത്തിലെ അഴിമതിയെകുറിച്ച് വിജിലന്‍സ് അന്വേഷണമടക്കമുള്ള നടപടി ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു പഞ്ചായത്ത് എസ്.ഡി.പി.ഐ സെക്രട്ടറി കാസിം തലകാപ്പ് പറഞ്ഞു. ഏഴു വര്‍ഷത്തിനിടയില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ലക്ഷക്കണക്കിനു രൂപയാണ് പഞ്ചായത്തിനു നഷ്ടമായത്. പഞ്ചായത്തിലെ അഴിമതി സംബന്ധിച്ചു പ്രതികരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊന്മള പഞ്ചായത്തില്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ വന്‍ക്രമക്കേടു നടന്നതായി  കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിരവധി പദ്ധതികള്‍  പാതിവഴിക്കുനിന്നവയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനം സാമ്പത്തിക ലാഭത്തിനുള്ള വഴിയായി സ്വീകരിച്ചവരാണ് പൊന്മള പഞ്ചായത്ത് ഭരിക്കുന്നത്. ഇത്തരക്കാരെ അധികാരത്തില്‍നിന്നും പുറത്താക്കാനുള്ള പൗരാവകാശം കൃത്യമായി ഉപയോഗപ്പെടുത്താത്തതാണ് ഏകാധിപത്യ രീതിയില്‍ വെട്ടിപ്പു നടത്താന്‍ ഇടയാക്കുന്നതെന്നു  മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കോയ തലകാപ്പ് പറഞ്ഞു. പൊന്‍മളയില്‍ പുറത്തുവന്ന അഴിമതിയെക്കുറിച്ച് പഠിച്ചു സമരപരിപാടികളും നിയമനടപടികളും സ്വീകരിക്കുമെന്ന് പഞ്ചായത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം ഷാജഹാന്‍ പറഞ്ഞു.ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റിന് പഞ്ചായത്തിനെതിരെ നടപടി സ്വീകരിക്കണം. നഷ്ടപ്പെട്ട പണം അതാതു വ്യക്തികളില്‍നിന്നും ഈടാക്കാന്‍ പഞ്ചായത്തീരാജ് നിയമപ്രകാരം സാധിക്കും. ഇതിന് ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണമെന്നും സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ കെ സമദ് ആവശ്യപ്പെട്ടു.
പൊന്മള പഞ്ചായത്തിലെ 2001 മുതല്‍ 2008 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മൂന്നുദിവസങ്ങളിലായി തേജസില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാര്‍.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India