School Chalo 2012

കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലേക്ക് വലിച്ചിഴയ്ക്കരുത്: പോപുലര്‍ഫ്രണ്ട്

റിജില്‍ മാക്കുറ്റിക്കെതിരേ നിയമനടപടി സ്വീകരിക്കും
Friday, February 17th, 2012
കോഴിക്കോട്: സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഇരുവിഭാഗം കെ.എസ്.യുക്കാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ എന്‍.ഡി.എഫിന് പങ്കുണ്ടെന്ന കെ.എസ്.യു നേതാവിന്റെ പ്രസ്താവന തരംതാണതും വസ്തുതാവിരുദ്ധവുമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.

മുന്‍ ആര്‍.എസ്.എസുകാരെയാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നേതൃത്വം നല്‍കുന്ന ഗ്രൂപ്പ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഒരു ബി.ജെ.പി നേതാവ് തന്നെ ഇന്നലെ വ്യക്തമാക്കുകയുണ്ടായി. ഇതു മറച്ചുവയ്ക്കാനാണ് എന്‍.ഡി.എഫിനെതിരേ റിജില്‍ ആരോപണമുന്നയിക്കുന്നത്. ഏതെങ്കിലും സംഘടനയുടെയോ ഗ്രൂപ്പിന്റെയോ ക്വട്ടേഷന്‍ ഏറ്റെടുക്കലല്ല പോപുലര്‍ ഫ്രണ്ടിന്റെ ജോലി.

കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഭാഗമാണ് ഗ്രൂപ്പ് വഴക്കുകളും അതിന്റെ പേരിലുള്ള സംഘര്‍ഷങ്ങളും. സഹപ്രവര്‍ത്തകരുടെ വസ്ത്രമുരിയുന്നതുപോലുള്ള കലാപരിപാടികള്‍പോലും കോണ്‍ഗ്രസ് യോഗത്തിലുണ്ടായിട്ടുണ്ട്. സ്വന്തം മുഖം വികൃതമായതിനു കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന അസംബന്ധമാണ് റിജില്‍ മാക്കുറ്റിയുടെ പ്രസ്താവനയില്‍ പ്രതിഫലിച്ചുകാണുന്നത്. മുസ്‌ലിംസമുദായത്തില്‍പ്പെട്ടവര്‍ കോണ്‍ഗ്രസ്സിന്റെ പോഷകസംഘടനകളുടെ തലപ്പത്തുവരുന്ന സാഹചര്യമുണ്ടാവുമ്പോള്‍ അവരെ ഒതുക്കുന്നതിനു ചില നേതാക്കള്‍ സ്വീകരിക്കുന്ന വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണവും. ഒരു യുവജന നേതാവിനു കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയില്‍ നിയമസഭാ സീറ്റ് നിഷേധിക്കാന്‍ ഇത്തരം വൃത്തി കെട്ട അടവുകള്‍ പയറ്റിയത് ഒരുദാഹരണമാണ്.

അകാരണമായും തെറ്റിദ്ധാരണപരത്തുന്നവിധത്തിലും റിജില്‍ മാക്കുറ്റി സംഘടനയ്‌ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ ആരോപണത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി പി അബ്ദുല്‍ ഹമീദ് പറഞ്ഞു.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India