കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം നടപ്പില്ല: ഇമാംസ്‌ കൗണ്‍സില്‍ സെമിനാര്‍

You are not authorized to view comments.
Friday, October 30th, 2009

കൊച്ചി: അടിസ്ഥാനരഹിതമായ ലൗ ജിഹാദ്‌ പ്രചാരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘപരിവാര ശ്രമം കേരളത്തില്‍ നടപ്പില്ലെന്ന്‌ ഓള്‍ ഇന്ത്യ ഇമാംസ്‌ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിലൂടെ മുസ്‌ലിംകളെ അപരവല്‍ക്കരിക്കാന്‍ സംഘപരിവാരം ശ്രമിക്കുന്നത്‌ സ്വയം അപരനാവുമോ എന്ന ഭയംമൂലമാണെന്നു പ്രമുഖ എഴുത്തുകാരനും ദലിത്‌ ചിന്തകനുമായ കെ കെ ബാബുരാജ്‌ അഭിപ്രായപ്പെട്ടു. മനുഷ്യസങ്കല്‍പ്പങ്ങളെപ്പോലും നികൃഷ്ടവല്‍ക്കരിക്കുന്ന പ്രചാരണങ്ങളാണു സംഘപരിവാരം നടത്തുന്നത്‌. കേരളത്തിലെ സവര്‍ണ ഹിന്ദുക്കള്‍ ആന്തരിക ഭയത്തിലാണ്‌ ജീവിക്കുന്നത്‌. സ്വന്തം നിഴലില്‍ നിന്നു രൂപപ്പെടുന്ന ഭയമാണ്‌ അവരെ കുപ്രചാരണങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്‌.

 


ഹിന്ദുത്വവാദികള്‍ അപരവല്‍ക്കരിച്ച ദലിത്‌, പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യപ്പെടലിലൂടെ പൗരസമൂഹത്തിന്റെ ഐക്യം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൗ ജിഹാദ്‌ ദുഷ്‌പ്രചാരണം മാധ്യമങ്ങളും പൊതു സമൂഹവും ഏറ്റുപിടിക്കുമ്പോള്‍ സംഘപരിവാരമാണു വിജയിക്കുന്നതെന്ന്‌ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ സമിതി അംഗവും തേജസ്‌ എഡിറ്ററുമായ പ്രഫ. പി കോയ അഭിപ്രായപ്പെട്ടു. സംഘപരിവാരത്തിന്റെ അപവാദപ്രചാരണം ഏറ്റുപിടിക്കുന്ന കത്തോലിക്കാ നേതൃത്വം പ്രതിഷേധിക്കേണ്ടത്‌ ഹൈന്ദവ നേതൃത്വങ്ങളോടാണ്‌. കാരണം, 2009 ആഗസ്‌തിലെ സര്‍ക്കാര്‍ ഗസറ്റ്‌ പ്രകാരം 123 പേര്‍ ക്രിസ്‌തുമതത്തില്‍ നിന്ന്‌ ഹൈന്ദവമതത്തിലേക്കു പരിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.
കത്തോലിക്കാ നേതൃത്വത്തിന്റെ ജാഗ്രതാനിര്‍ദേശമടങ്ങുന്ന സര്‍ക്കുലര്‍ അവരുടെ ഉള്ളിലെ അസഹിഷ്‌ണുതയുടെ തുടര്‍ച്ചയാണ്‌. 2025 ഓടെ കേരളത്തില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമാവുമെന്ന്‌ ഒരു ക്രൈസ്‌തവ പുരോഹിതന്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പ്‌ അഭിമുഖം നല്‍കിയിരുന്നു. ഇതു കാലേകൂട്ടി തടയിടുന്നതിനാണ്‌ ഇപ്പോള്‍ ഫാഷിസത്തോടൊപ്പം ചേര്‍ന്ന്‌ സര്‍ക്കുലറുമായി രംഗത്തുവന്നിട്ടുള്ളത്‌.
പ്രണയം വഴി മതംമാറ്റം നടക്കുന്നുണ്ടെങ്കില്‍ അതു പ്രത്യയശാസ്‌ത്രത്തിന്റെ പരാജയമാണ്‌. ഇസ്‌ലാമിന്‌ അത്തരം അപചയം സംഭവിച്ചിട്ടില്ല.
ക്രൈസ്‌തവ കേന്ദ്രങ്ങള്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കുന്നതിനാണു സഭാനേതൃത്വം ശ്രമിക്കുന്നത്‌. സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന ആര്‍.എസ്‌.എസ്‌ കേന്ദ്രങ്ങളാണ്‌ കുപ്രചാരണങ്ങള്‍ക്കു പിന്നില്‍. എന്നാല്‍ ആര്‍.എസ്‌.എസ്‌ ഭാഷ പുരോഹിതരും മാധ്യമങ്ങളും നീതിപീഠങ്ങള്‍ വരെ കടമെടുക്കുന്നത്‌ പൗരാവകാശങ്ങളുടെ ലംഘനത്തിന്‌ ഇടയാക്കും. നീതിപീഠങ്ങളുടെ നിലപാടുകളില്‍ പോലും പ്രകടമായ വിവേചനമുണ്ടാവുന്നതു ഖേദകരമാണെന്നും പ്രഫ. കോയ അഭിപ്രായപ്പെട്ടു.
മുസ്‌ലിംകളെ മുഖ്യധാരയില്‍ നിന്നകറ്റാനുള്ള ആസൂത്രിത ശ്രമങ്ങളുടെ തുടര്‍ച്ചയാണ്‌ പുതിയ പ്രചാരണങ്ങളുടെ പിന്നിലെന്ന്‌ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി സംസ്ഥാന ഉപാധ്യക്ഷനും എഴുത്തുകാരനുമായ റെനി ഐലിന്‍ പറഞ്ഞു. യഥാര്‍ഥ പ്രണയംപോലും കേരളത്തില്‍ നടക്കുന്നുണ്ടോ എന്നു സംശയമാണ്‌. മുസ്‌ലിംകളെ കുറ്റവാളികളാക്കാനുള്ള ആസൂത്രിത ശ്രമമാണ്‌ ഇവിടെ നടക്കുന്നത്‌.
രാജ്യത്തു നടന്ന കലാപങ്ങളില്‍ ഇരകളും പ്രതികളും മുസ്‌ലിംകളാണ്‌ എന്ന ദുരന്തമാണു തുടരുന്നത്‌. ബീമാപ്പള്ളിയില്‍ ആറു നിരപരാധികളായ മുസ്‌ലിംകള്‍ പോലിസിന്റെ നിറതോക്കിനിരയായപ്പോള്‍ സാംസ്‌കാരിക കേരളം മൗനമവലംബിച്ചു. ഇതാണ്‌ ആസൂത്രിത പ്രചാരണത്തിന്റെ ആത്യന്തിക ഫലമെന്നും റെനി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക വിമോചനമാണ്‌ ഇസ്‌ലാമികാശ്ലേഷത്തിലൂടെ ജനങ്ങള്‍ നേടുന്നതെന്ന്‌ എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അശ്‌റഫ്‌ മൗലവി പറഞ്ഞു. കുടിലമായ ജാതിവ്യവസ്ഥയും പൗരോഹിത്യവും മനുഷ്യത്വത്തെ ബന്ധിക്കുമ്പോള്‍ മനുഷ്യനാവാനുള്ള മോഹമാണ്‌ ജനങ്ങളെ മുസ്‌ലിമാക്കുന്നതിലെ ചേതോവികാരം. മതംമാറ്റത്തെ എതിര്‍ക്കുന്നതിനു പകരം വിമോചനത്തിനു പാതയൊരുക്കുകയാണു നീതിയുടെ താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓള്‍ ഇന്ത്യ ഇമാംസ്‌ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ്‌ കരമന അശ്‌റഫ്‌ മൗലവി അധ്യക്ഷത വഹിച്ചു. അര്‍ഷദ്‌ മുഹമ്മദ്‌ നദ്‌വി, കാംപസ്‌ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി സി എ റഊഫ്‌, അബ്ദുല്‍ സത്താര്‍ മൗലവി സംസാരിച്ചു.

 


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India