School Chalo 2012

കിനാലൂരില്‍ സമരക്കാരെ പോലിസ്‌ തല്ലിച്ചതച്ചു; നിരവധി പേര്‍ക്കു പരിക്ക്‌

Saturday, May 8th, 2010

കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയിലെ കിനാലൂരില്‍ കെ.എസ്‌.ഐ.ഡി.സിയുടെ വ്യവസായ പാര്‍ക്കിലേക്കു നിര്‍മിക്കുന്ന നാലുവരിപ്പാതയുടെ സര്‍വേക്കായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനെത്തുടര്‍ന്ന്‌ പോലിസുകാര്‍ നാട്ടുകാര്‍ക്കെതിരേ അഴിഞ്ഞാടി
കല്ലേറിലും ലാത്തിച്ചാര്‍ജിലും സ്‌ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. താമരശ്ശേരി ഡിവൈഎസ്‌.പി കുബേരന്‍ നമ്പൂതിരിയടക്കം ഒമ്പതു പോലിസുകാര്‍ക്കും പരിക്കുണ്ട്‌. സ്ഥലത്തു മണിക്കൂറുകളോളം ഭീകരാന്തരീക്ഷം നിലനിന്നു.
പരിക്കേറ്റ കുട്ടികളും സ്‌ത്രീകളുമടക്കം അമ്പതോളം പേരെ വിവിധ അശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പോലിസുകാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സ തേടി.
കിനാലൂര്‍ ഏഴുകണ്ടിയില്‍ റോഡില്‍ കുത്തിയിരുന്നു തടസ്സം സൃഷ്ടിച്ച സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ്‌ ചെയ്‌തു നീക്കാനുള്ള ശ്രമമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. ഇതിനിടെ, പോലിസിനു നേരെ ചാണകവെള്ളം തൂവിയതോടെ ലാത്തിച്ചാര്‍ജ്‌ തുടങ്ങി. സ്‌ത്രീകളെ പോലിസുകാര്‍ ബലംപ്രയോഗിച്ച്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കി. ഇതോടെ പോലിസിനു നേരെ ശക്തമായ കല്ലേറുണ്ടായി. തുടര്‍ന്ന്‌ പോലിസ്‌ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ചിതറിയോടിയ സമരക്കാരെ പോലിസ്‌ പിന്തുടര്‍ന്ന്‌ അക്രമിച്ചു. സമരക്കാര്‍ കയറിയെന്നു കരുതുന്ന വീടുകളിലെ ഗേറ്റുകളും വാഹനങ്ങളും പോലിസ്‌ തകര്‍ത്തു. വീട്ടിലിരുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും പോലിസിന്റെ മര്‍ദ്ദനമേറ്റു. പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തു കൊണ്ടുപോയ ആറു സ്‌ത്രീകളടക്കം 22 പേരെ ബാലുശ്ശേരി പോലിസ്‌ പിന്നീടു ജാമ്യത്തില്‍ വിട്ടു. സി.പി.എം ഒഴികെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും നിരവധി ബഹുജന സംഘടനകളും സമരത്തില്‍ അണിനിരന്നു. ജനകീയ ഐക്യവേദിയാണു സമരത്തിനു നേതൃത്വം നല്‍കിയത്‌.
സമരക്കാര്‍ പിരിഞ്ഞുപോയശേഷം ആര്‍.ഡി.ഒ കെ പി രമാദേവിയുടെ നേതൃത്വത്തില്‍ പോലിസ്‌ കാവലില്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചു.
ഇതിനിടെ ദൃശ്യമാധ്യമങ്ങളിലൂടെ പോലിസ്‌ നടപടി ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി സര്‍വേ നടപടികള്‍ അവസാനിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഇതോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. സംഘര്‍ഷമേഖലയില്‍ നിന്നു പോലിസിനെ പിന്‍വലിക്കാനും ഡി.ജി.പി ജേക്കബ്‌ പൂന്നൂസിനു ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വി.എസിന്റെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച്‌ ജില്ലാ ഭരണകൂടം ഇന്നു സര്‍ക്കാരിനു റിപോര്‍ട്ട്‌ നല്‍കും. സംഭവം ഡി.ജി.പി അന്വേഷിക്കുമെന്നു ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന മന്ത്രി എം വിജയകുമാര്‍ പറഞ്ഞു.
യു.ഡി.എഫും എസ്‌.ഡി.പിഐയുമടക്കം വിവിധ സംഘടനകള്‍ ബാലുശ്ശേരി, എലത്തൂര്‍ മണ്ഡലങ്ങളില്‍ ഇന്നു ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India