ഇസ്‌ലാമിനെ അറിയുക, അടുക്കുക: ഇമാംസ് കൗണ്‍സില്‍ ജാഥകള്‍ തുടങ്ങി
തിരുവനന്തപുരം: ഇസ്‌ലാമിനെ അറിയുക, അടുക്കുക എന്ന പ്രമേയവുമായി ഓള്‍ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സന്ദേശപ്രചാരണജാഥകള്‍ തിരുവനന്തപുരത്തെ പാറശ്ശാല, കാസര്‍ക്കോട്ടെ മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ചു. പാറശ്ശാലയില്‍ ജാഥാക്യാപ്‌റ്റന്‍ കരമന അഷ്‌റഫ് മൗലവിക്ക് ദാറുല്‍ ഖദാ സംസ്ഥാന ചെയര്‍മാന്‍ കെ എം ഈസാ മൗലവിയും മഞ്ചേശ്വരത്ത് ജാഥാലീഡര്‍ അബ്ദുന്നാസര്‍ ബാഖവിക്ക് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്ററും പതാകകള്‍ കൈമാറിയാണ് ജാഥകള്‍ ഉദ്‌ഘാടനം ചെയ്‌തത്.
പ്രേമിച്ച് ആളെക്കൂട്ടേണ്ട ഗതികേട് ഇസ്‌ലാമിനില്ലെന്നും അങ്ങനെയുള്ള ആളുകളെ മതത്തിന് ആവശ്യമില്ലെന്നും ഈസാ മൗലവി പറഞ്ഞു. നിര്‍ബന്ധിച്ച് ആരെയും ആകര്‍ഷിക്കുന്ന പരിപാടി ഇസ്‌ലാമിനില്ല. ഇസ്‌ലാമിനെ കേട്ടറിഞ്ഞു പലരും ഇങ്ങോട്ടുവന്നിട്ടേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമിന്റെ പ്രകാശത്തെ ഊതിക്കെടുത്താനോ അടിച്ചമര്‍ത്താനോ ശ്രമിക്കുന്നവര്‍ക്ക് ഉദ്‌ഭവകാലം മുതല്‍ തിരിച്ചടികളാണ് ലഭിച്ചിട്ടുള്ളതെന്നു യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. വെല്ലുവിളികള്‍ നേരിട്ട ഘട്ടങ്ങളിലെല്ലാം ലോകത്ത് ഇസ്‌ലാം ഉയര്‍ന്നുനില്‍ക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്‌തു. ഭീകരവാദ മുദ്രചാര്‍ത്തി ഇസ്‌ലാമിനെ തകര്‍ക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍, അവിടങ്ങളിലൊക്കെ ആ മതത്തെക്കുറിച്ചു പഠിക്കാനും സ്വീകരിക്കാനും ആളുകള്‍ തയ്യാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ആളുകള്‍ അന്വേഷിച്ചു കണ്ടെത്തി വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്‌ത്രം ഇന്ന് ഇസ്‌ലാം മാത്രമാണ്. ലൗ ജിഹാദിന്റെ പേരില്‍ ആര്‍.എസ്.എസും ബി.ജെ.പിയും രംഗത്തുവന്നിരിക്കുന്നത് ആഭ്യന്തരപ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പകര്‍പ്പ് ജോര്‍ജ് മെഴ്‌സിയര്‍ എം.എല്‍.എക്ക് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം കൈമാറി. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി സംസാരിച്ചു.
ലൗ ജിഹാദിന്റെ പേരില്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള തല്‍പ്പരകക്ഷികളുടെയും ചില മാധ്യമങ്ങളുടെയും ശ്രമം പൊളിഞ്ഞതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി കെ എം ശരീഫ് മഞ്ചേശ്വരത്ത് പറഞ്ഞു. കേരള, കര്‍ണാടക ഹൈക്കോടതികളില്‍ ഇതു സംബന്ധിച്ചു പോലിസ് നല്‍കിയ റിപോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാന്‍ ആരോപണമുന്നയിച്ചവര്‍ തയ്യാറാവണം. ലൗ ജിഹാദിന്റെ പേരില്‍ എന്തോ ഒരു പുതിയ കണ്ടുപിടിത്തം നടത്തിയ രീതിയിലായിരുന്നു സംഘപരിവാരവും ചില മാധ്യമങ്ങളും. ഇതിനുപിന്നില്‍ ഗൂഢാലോചന നടന്നിരിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു കെ അബ്ദുല്‍ സലാം മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ജാഥാലീഡര്‍ അബ്ദുന്നാസര്‍ ബാഖവിക്ക് പതാക കൈമാറി സന്ദേശപ്രചാരണ ജാഥ ഉദ്‌ഘാടനം ചെയ്‌തു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്‍, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഹൊസങ്കടി, സഈദ് മദനി, അബ്ദുല്‍ സലാം മൗലവി സംസാരിച്ചു. ജാഥ ഇന്നലെ വൈകീട്ട് പടന്നയില്‍ സമാപിച്ചു.
A neo social movement for a new India of equal rights to all Indians



















































