School Chalo 2012

ഇസ്രായേല്‍ എംബസി കാറിലെ സ്‌ഫോടനം: അന്വേഷണം എങ്ങുമെത്തിയില്ല

Tuesday, February 21st, 2012
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയായ ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഒരാഴ്ച പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. ഇസ്രായേല്‍ എംബസിയുടെ കാറിനു പിന്നില്‍ ബൈക്കിലെത്തിയ ആക്രമികള്‍ ഘടിപ്പിച്ചതെന്നു പറയപ്പെടുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റിരുന്നു.
പ്രധാനമന്ത്രിയുടെ വസതിക്കടുത്ത അതീവ സുരക്ഷാ മേഖലയായ ഔറംഗസീബ് റോഡിലാണു സംഭവം.
ഡല്‍ഹി പോലിസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞമാസം ഇറാനില്‍ ഒരു ആണവശാസ്ത്രജ്ഞനെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതു സംബന്ധിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ആക്രമണത്തിന് ഒരു കറുത്ത വാഹനം ഉപയോഗിച്ചതായി പുതിയ റിപോര്‍ട്ടുകളുണ്ടെങ്കിലും അക്രമികള്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണു പോലിസ്. തുടര്‍ന്നു നിരവധി ചുവന്ന ബൈക്കുകള്‍ പരിശോധിച്ചെങ്കിലും തുമ്പുണ്ടായില്ല. ഒരു ബൈക്ക് പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ആക്രമണദിവസം ഇന്ത്യയില്‍ നിന്നും ഇറാന്‍, പാകിസ്താന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു പോയ ടെലിഫോണ്‍ വിളികള്‍ പരിശോധിച്ചെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായിട്ടില്ല.
സ്‌ഫോടനമുണ്ടായതിനു തൊട്ടുപിറകെ ഇതിനു പിന്നില്‍ ഇറാനാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇറാനു പങ്കുണ്ടെന്നതിന് ഒരു തെളിവുപോലും ഇതുവരെ പോലിസിന് ലഭിച്ചിട്ടില്ല. ഡല്‍ഹിയിലുള്ള ഇറാന്‍ പൗരന്‍മാരുടെ വിവരങ്ങളും പോലിസ് ശേഖരിച്ചിരുന്നു. പോലിസും ഇസ്രായേല്‍ ഉദ്യോഗസ്ഥരും ചേര്‍ന്നു രണ്ടിലേറെ തവണ ആക്രമണം പുനരാവിഷ്‌കരിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം, അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണു ഡല്‍ഹി പോലിസ് കമ്മീഷണര്‍ ബി കെ ഗുപ്ത പറയുന്നത്.
ഡല്‍ഹി ആക്രമണത്തിനു സമാനമായി ജോര്‍ജിയയിലും തായ്‌ലന്‍ഡിലും ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ തെളിവുകള്‍ തേടി അവിടേക്കുപോവുന്നതും പോലിസ് പരിഗണിക്കുന്നുണ്ട്. തായ്‌ലന്‍ഡിലും ക്വലാലംപൂരിലും പിടികൂടിയ ഇറാന്‍ പൗരന്‍മാര്‍ ഇന്ത്യ സന്ദര്‍ശിച്ചതായി രേഖകളിലില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India