ആര്‍.എസ്.എസിനെ തുറന്നുകാട്ടിയാല്‍ മതവികാരം വ്രണപ്പെടുമോ: പോപുലര്‍ ഫ്രണ്ട്

Wednesday, August 11th, 2010
ആര്‍.എസ്.എസിനെ തുറന്നുകാട്ടിയാല്‍ മതവികാരം വ്രണപ്പെടുമോ: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ആഗസ്ത് 9 സേവ് ഇന്ത്യ ദിനമായി ആചരിക്കാനുള്ള ആഹ്വാനവുമായി പോപുലര്‍ ഫ്രണ്ട് പ്രസിദ്ധീകരിച്ച പോസ്റ്റര്‍ പതിച്ച പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു ജയിലിലടച്ച നടപടി കടുത്ത നീതിനിഷേധവും വിവേചനവുമാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. ഫാഷിസത്തിനെതിരേ പൊരുതുക, ഭീകരതയെ തോല്‍പ്പിക്കുക എന്ന പ്രമേയവുമായി പോപുലര്‍ ഫ്രണ്ട് രാജ്യവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമാണ് പ്രസ്തുത പോസ്റ്റര്‍.
നാലു വര്‍ഷത്തിനുള്ളില്‍ ഏഴു സംസ്ഥാനങ്ങളില്‍ നടന്ന പത്തു സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ തീവ്രവാദസംഘങ്ങള്‍ക്കു വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ വെളിപ്പെടുത്തിയതാണ്. ഇതാണ് പോസ്റ്ററിന്റെ ഉള്ളടക്കം. സൈന്യത്തില്‍ വരെ നുഴഞ്ഞുകയറിയും സൈനികാനുപാതത്തില്‍ സ്‌ഫോടനസാമഗ്രികള്‍ നിര്‍മിച്ചും തങ്ങളുടെ ദുഷ്ട ലക്ഷ്യങ്ങള്‍ക്കു വേണ്ടി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഭീകരപ്രവര്‍ത്തനമാണിവര്‍ നടത്തിയത്. അതിന്റെ പേരില്‍ നിരപരാധികളായ മുസ്്‌ലിംകളാണ് പീഡനമനുഭവിച്ചത്. സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തവര്‍ക്കു സംഘപരിവാര സംഘടനകളുമായുള്ള ബന്ധം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന വേളയിലാണ് പോപുലര്‍ ഫ്രണ്ട് ഇങ്ങനെയൊരു കാംപയിനു മുന്നിട്ടിറങ്ങിയത്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതും ഹിന്ദുത്വ ഭീകരതയെ തുറന്നുകാട്ടുന്നതും എങ്ങനെയാണു മതസ്പര്‍ധ വളര്‍ത്തുന്നതെന്നു ഇടതു സര്‍ക്കാരും പോലിസും വ്യക്തമാക്കണം.
ഇവിടെ പലരും മുസ്‌ലിം തീവ്രവാദികള്‍ എന്ന പദം ഉപയോഗിക്കുന്നതു പോലെ പോപുലര്‍ ഫ്രണ്ട് ഹിന്ദു തീവ്രവാദികളെന്നു വിളിക്കാറില്ല. സംഘപരിവാരവുമായി മാത്രം ബന്ധപ്പെട്ട രാഷ്ട്രീയ സംജ്ഞയായ ഹിന്ദുത്വം എന്ന പദമാണ് തങ്ങള്‍ ഉപയോഗിക്കാറുള്ളത്. ഏതെങ്കിലുമൊരു മതവിഭാഗത്തെ തീവ്രവാദവുമായി ചേര്‍ത്തു പറയരുതെന്നു നിര്‍ബന്ധമുള്ളതു കൊണ്ടാണത്.
സംഘപരിവാരത്തെ വിമര്‍ശിക്കുമ്പോള്‍ മതസ്പര്‍ധ ആരോപിക്കുന്ന ഭരണകൂടത്തിന്റെയും പോലിസിന്റെയും താല്‍പ്പര്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സി.പി.എമ്മിന്റെ ഹിന്ദുത്വ പ്രീണന നയത്തിന്റെ മറ്റൊരു മുഖം കൂടിയാണ് ഈ നീക്കത്തിലൂടെ വ്യക്തമാക്കുന്നത്. കള്ളക്കേസുകളെടുത്തും പീഡിപ്പിച്ചും പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താനുള്ള ശ്രമം പാഴ്‌വേല മാത്രമാണ്.
അന്‍വാര്‍ശേരിയിലേക്കും  ഗ്രീന്‍വാലിയിലേക്കും മാര്‍ച്ച് നടത്താനുളള സംഘപരിവാര സംഘടനകളുടെ നീക്കത്തെക്കുറിച്ചു സര്‍ക്കാരാണു നിലപാടു വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India