അധ്യാപകനു നേരെ ആക്രമണം: രണ്ടുപേര്‍ റിമാന്റില്‍

Tuesday, July 6th, 2010
മൂവാറ്റുപുഴ: മുഹമ്മദ്‌ നബിയെ അവഹേളിച്ച്‌ വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയായ തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ മൂവാറ്റുപുഴ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.
കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി ജാഫര്‍, കാലടി സ്വദേശി അശ്‌റഫ്‌ എന്നിവരെയാണ്‌ റിമാന്റ്‌ ചെയ്‌്‌തത്‌. ഞായറാഴ്‌ച പോലിസ്‌ കസ്‌റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്‌റ്റ്‌ ഇന്നലെ ഉച്ചയ്‌ക്ക്‌ 12.30നാണു രേഖപ്പെടുത്തിയത്‌. തുടര്‍ന്ന്‌ മൂന്നുമണിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കി.
കേസില്‍ ആകെ എട്ടുപേരെയാണ്‌ പോലിസ്‌ പ്രതിചേര്‍ത്തിരിക്കുന്നത്‌. ഇനി ആറുപേരെ കൂടി പിടികിട്ടാനുണ്ടെന്ന്‌ കോടതിയില്‍ പോലിസ്‌ ഹാജരാക്കിയ റിമാന്റ്‌ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും ജോസഫിനെ വധിക്കാനാണു ലക്ഷ്യമിട്ടിരുന്നതെന്നും പോലിസ്‌ കോടതിയെ അറിയിച്ചു. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്‌. എന്നാല്‍ സംഭവത്തിന്‌ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായി പോലിസ്‌ റിപോര്‍ട്ടില്‍ പരാമര്‍ശമില്ല. സംഭവവുമായി ബന്ധപ്പെട്ട്‌ ഇതിനകം ഇരുപതിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്നാണ്‌ റിപോര്‍ട്ട്‌. ഇതിനിടെ ടി ജെ ജോസഫിന്റെ അറ്റുപോയ കൈപ്പത്തി എറണാകുളം സ്‌പെഷ്യലിസ്റ്റ്‌ ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തു. 15 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ അവസാനിച്ചത്‌. ജോസഫ്‌ തീവ്രപരിചരണവിഭാഗത്തിലാണിപ്പോള്‍.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India